Wednesday, July 27, 2011

അധ്യാപനത്തിലെ സര്‍ഗാത്മക വഴികള്‍











ഡോ പ്രമോദ് കെ നാറാത്ത്


മഴനാരുകളില്‍ അക്ഷരങ്ങളും പദങ്ങളും വാക്യങ്ങളും അനുഭവപ്പെരുമഴയായി എങ്ങും നിറയുന്നു. അവ കൊച്ചരുവിയായ്,പുഴയായ്, ജീവിതപ്പെരുങ്കടലായി, കഥകളും കവിതകളും വാരിപ്പുണരുന്നു.

ക്ലാസ് മുറികള്‍ സര്‍ഗാത്മകതയുടെ മഴവില്‍ക്കൊമ്പിലേറി പുതിയൊരാകാശം സൃഷ്ടിക്കുകയായി. ഇങ്ങനെ വാക്കുകളില്‍ അനുഭവത്തിന്റെ ശക്തി പകരുമ്പോള്‍ അവ ഹൃദയങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. 'മനുഷ്യമസ്തിഷ്കത്തോടല്ല, മാംസത്തോടല്ല, മനസ്സിനോടേ കവിഹൃദയം സംസാരിക്കൂ'എന്ന് കവി പറയുന്നതും മറ്റൊന്നല്ല. അപ്പോഴാണ് വാക്കിന്റെ പ്രജാപതി ​എഴുത്തിന്റെ മറുകര തേടി പോകുന്നത്. ഇവിടെയാണ് അധ്യാപകനിലെ എഴുത്തുകാരനെ നാം കണ്ടുമുട്ടുന്നത്. അത് കേവലനായ മനുഷ്യനില്‍നിന്ന് അധ്യാപകനിലേക്കുള്ള രൂപപരിണാമമാണ്. വാക്കിലൂടെ പകര്‍ന്നുകിട്ടുന്ന അറിവിന്റെ പുതുരൂപമാണ്. ഈ അറിവ് ഏതൊരധ്യാപകന്റേയും രക്ഷാകവചമാണ്. അത് കാലത്തിനനുസരിച്ച് പുതുക്കാനുള്ളതാണ്. ഇത് സ്വയം നവീകരിക്കുന്നതിലൂടെ മാത്രമേ സാധ്യമാക്കാന്‍ കഴിയുകയുള്ളൂ. അത് ഒരു സര്‍ഗാത്മക/സാംസ്കാരിക പ്രവര്‍ത്തനം കൂടിയാണ്.

അധ്യാപകന്‍ സര്‍ഗാത്മകതയുടെ വഴികള്‍ കണ്ടെത്തുമ്പോഴാണ് അത് കുട്ടികളിലേക്ക് നീളുന്നത്. കുട്ടികളുടെ സര്‍ഗാത്മകതയാണ് അധ്യാപകന്റെ ഇടവഴികള്‍. അധ്യാപകന്‍ സര്‍ഗാത്മകതയുടെ വഴിയിലൂടെ കുട്ടികളെ നയിക്കുകയും ക്ലാസ് മുറികള്‍ക്ക് മേല്‍ക്കൂര ഇല്ലാതാവുകയും പുതിയൊരാകാശം തെളിയുകയും ചെയ്യുന്നു. ഇങ്ങനെ പ്രപഞ്ചത്തിലേക്ക് തുറക്കുന്ന കണ്ണുകളായി നമ്മുടെ ക്ലാസ് മുറികള്‍ മാറേണ്ടതുണ്ട്. ഇങ്ങനെയൊരു മാറ്റമാണ് കേരളത്തിലെ പാഠ്യപദ്ധതി മുന്നോട്ടു വെക്കുന്നത്.

2 comments:

  1. 'അധ്യാപനവും കവിതയെഴുത്തും നന്നായി പൊരുത്തപ്പെടുമെന്നൊരു വിശ്വാസമുണ്ട്.എന്റെ അനുഭവം അതിനെ തികച്ചും ശരിവയ്ക്കുന്നില്ല. ...... കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അവലംബിക്കുന്ന അതി സരളതയും താമരയെ മഞ്ഞുപോലെ കവിയുടെ ആവിഷ്കാരഗൗരവത്തെ പ്രതികൂലമായി ബാധിക്കുവാന്‍ വഴിയുണ്ട്. കവിതയുടെ ഓരോ വരിയുടെ പിന്നിലും ഒരു സ്കൂള്‍മാസ്റ്റര്‍ മറഞ്ഞിരുന്ന് 'മനസ്സിലായോ, മനസ്സിലായോ?'എന്നുചോദിക്കുന്നതുപോലെ തോന്നും. -വൈലോപ്പിള്ളി(കാവ്യലോകസ്മരണകള്‍)

    'വാധ്യാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ കവിത നശിച്ചു'- വള്ളത്തോള്‍ (കാവ്യലോകസ്മരണകളില്‍തന്നെ വൈലോപ്പിള്ളി ഉദ്ധരിച്ചത്)

    അധ്യാപനം വേ, സര്‍ഗാത്മകത റെ. നമ്മുടെ മഹാകവികളുടെ പോലും അനുഭവങ്ങള്‍ ഇങ്ങനെ. സര്‍ഗാത്മകത നമുക്ക് ഒരു 'സൈഡ്'പരിപാടിയാകുന്നു. ഇത് മാറ്റി,അധ്യാപനം തന്നെ സര്‍ഗാത്മകമാക്കാനുള്ള അന്വേഷണങ്ങള്‍ക്ക് നന്ദി.
    കാലങ്ങളായി അധ്യാപകരുടെ ആത്മസാക്ഷാത്കാരത്തെയും ആത്മസംതൃപ്തിയേയും ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണിത് എന്നു തോന്നുന്നു.
    ഈ അന്വഷണത്തിന് കൂടുതല്‍ നേരനുഭവങ്ങള്‍ ലഭികട്ടെ എന്നാശംസിക്കുന്നു.

    ReplyDelete