Wednesday, December 1, 2010

ആഖ്യാനം

ഡോ. പ്രമോദ് കെ നാറാത്ത്

ഒന്ന്, രണ്ട് ക്ലാസ്സുകളില്‍ മെച്ചപ്പെട്ട പഠനതന്ത്രം എന്ന നിലയിലാണ് ആഖ്യാനരീതി സ്വീകരിച്ചിട്ടുള്ളത്. കുട്ടിയുടെ മനസ്സില്‍ ഭാഷാനുഭവങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നത് വൈകാരിക മനോചിത്രങ്ങളായിട്ടാണ്. ആഖ്യാനരീതിയില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മനോചിത്രരൂപീകരണത്തിന് ധാരാളം അവസരങ്ങള്‍ ലഭിക്കുകയും ധാരാളം പ്രതികരണങ്ങള്‍ കുട്ടിയില്‍നിന്ന് ലഭിക്കുകയും ചെയ്യുന്നു. ഈ പ്രതികരണങ്ങള്‍ കുട്ടിയില്‍നിന്ന് ലഭിക്കാന്‍ കഥപറയുന്നതിന്റെ പ്രത്യേക സന്ദര്‍ഭത്തില്‍ വെച്ച് ടീച്ചര്‍ ചില ചോദ്യങ്ങള്‍ ചോദിക്കുകയും പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഉദാഹരണമായി, ഒന്നാം ക്ലാസ്സിലെ ആഖ്യാനം ആരംഭിക്കുന്നത് ഇങ്ങനെയാണ് :
"അച്ഛന്‍ വന്നു. അമ്മൂ, ഇതാ നിനക്കൊരു സമ്മാനം. അമ്മു ഓടിയെത്തി. പുള്ളിക്കടലാസ്സില്‍ പൊതിഞ്ഞ സമ്മാനപ്പൊതി കിട്ടിയപ്പോള്‍ അവള്‍ തുള്ളിച്ചാടി. പുറമെ പൊതിഞ്ഞിരുന്ന കടലാസ് അഴിച്ചു. അതാ ഉള്ളില്‍ മറ്റൊരു കവര്‍! തിളങ്ങുന്ന തുണികൊണ്ടുള്ള പൊതി. അവള്‍ വേഗത്തില്‍ അതു തുറന്നു. ഉള്ളിലുള്ള സാധനം വലിച്ചെടുത്തു." ഈ സന്ദര്‍ഭത്തില്‍ നിര്‍ത്തി ടീച്ചര്‍ ചോദിക്കുന്നു:
പൊതിയില്‍ എന്തായിരിക്കും? പ്രതികരണം ടീച്ചര്‍ ചാര്‍ട്ടില്‍ എഴുതുന്നു.അമ്മുവിന് അച്ഛന്‍ എന്താണ് വാങ്ങിയത്? പുതിയ കുടയാണോ? പഴയ കുടയാണോ? കുട്ടികള്‍ പറയുന്ന പ്രതികരണങ്ങള്‍ ചാര്‍ട്ടില്‍ വലുപ്പത്തില്‍ എഴുതുന്നു. "അമ്മുവിന് കുട വാങ്ങി. പുതിയ കുട പുള്ളിക്കുട" തുടങ്ങിയവയാണ് ചാര്‍ട്ടില്‍ എഴുതുന്നത്. ഇങ്ങനെ എഴുതുന്ന ചാര്‍ട്ടിനെയാണ് ബിഗ് ബുക്ക് (Big Book) എന്നു പറയുന്നത്. ഇത് ആശയാവതരണത്തിന്റെ വിവിധഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്തുകയാണ്. ഇങ്ങനെയെഴുതിയ വാക്യങ്ങളില്‍ നിന്ന് പദങ്ങള്‍ കണ്ടെത്തുകയും പദങ്ങളില്‍ നിന്ന് അക്ഷരങ്ങളിലേയ്ക്ക് പോകുകയും തിരിച്ചറിഞ്ഞ അക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ട് വീണ്ടും ആശയരൂപീകരണം നടത്തുകയുമാണ് കുട്ടി ചെയ്യുന്നത്.ഇത് കുട്ടിയെ അക്ഷരത്തിലേയ്ക്കു നയിക്കുന്നതിനുള്ള മാനസിക പ്രക്രിയയുടെ പ്രായോഗിക രൂപമാണ്.

പത്തുമുപ്പതു വര്‍ഷം മുമ്പുള്ള പാഠപുസ്തകങ്ങള്‍ പരിശോധിച്ചാലും നേരിട്ട് അക്ഷരത്തിലേയ്ക്ക് കടക്കുന്നില്ലെന്ന് കാണാന്‍ കഴിയും. തറയുടെ ചിത്രത്തില്‍നിന്ന് തറ എന്ന പദത്തിലേയ്ക്കും അതില്‍നിനന്ന ത, റ എന്നീ അക്ഷരങ്ങളിലേയ്ക്കും കുട്ടി കടക്കുകയാണ്. പന, തള, വള, തവള തുടങ്ങിയ മറ്റു പദങ്ങളും ഇതുപോലെ രൂപപ്പെടുത്തിയാണ് കുട്ടി നിര്‍മിക്കുന്നത്.ഇവിടെ ടീച്ചര്‍ നേരിട്ട് പറഞ്ഞു കൊടുക്കുകയാണ്. കുട്ടിക്ക് ചിന്തിക്കാന്‍ അവസരം നല്‍കുന്നില്ല. പുതിയ സമീപനത്തില്‍ വരുമ്പോള്‍ വാക്യത്തില്‍ നിന്ന് സവിശേഷമായ പദം കുട്ടി തന്നെ കണ്ടെത്തുകയാണ്. തുടര്‍ന്ന് അക്ഷരങ്ങള്‍ തിരിച്ചറിയുകയാണ്. ഇവിടെ ആദ്യഘട്ടത്തില്‍ നടക്കുന്ന വായന സവിശേഷതയുള്ള വായനയാണ്. കുട്ടി പറയുന്നത് അപ്പോള്‍ തന്നെ ബോര്‍ഡിലോ ചാര്‍ട്ടിലോ ടീച്ചര്‍ ​എഴുതുകയും ടീച്ചറിനോടൊപ്പവും, തനിച്ചും കുട്ടി, പറഞ്ഞ ആശയത്തെ വായിക്കുകയാണ്. ഇത് അക്ഷരങ്ങള്‍ തിരിച്ചറിഞ്ഞുള്ള വായനയായിരിക്കണമെന്നില്ല. അക്ഷരങ്ങള്‍ ചിത്രങ്ങളായി കണ്ട് കുട്ടി വായിക്കുകയാണ്. ഒരുതരം ഊഹിച്ചുള്ള വായനയാണിത്. ഈ ഘട്ടത്തില്‍ അക്ഷരങ്ങളും പദങ്ങളും കൃത്യമായി അറിയില്ലെങ്കിലും എല്ലാ പേജുകളും കുട്ടികള്‍ വായിക്കുന്നതു കാണാം. ഇങ്ങനെയുള്ള വായനയാണ് ഗ്രാഫിക് റീഡിങ്ങ് (Graphic reading).ഗ്രാഫിക് വായനയുടെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പദങ്ങളും ആശയങ്ങളും കുട്ടി തിരിച്ചറിയുകയും കുട്ടിക്ക് ഏറ്റവും എളുപ്പത്തില്‍ എഴുതുവാന്‍ പറ്റുന്ന പദങ്ങളും അക്ഷരങ്ങളും ടീച്ചറിന്റെ സഹായത്തോടെ കുട്ടി എഴുതുകയും ചെയ്യുന്നു. അധ്യാപക സഹായിയില്‍ ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (ഉദാ : മ,ഴ, വ, ല). അക്ഷരങ്ങള്‍ തിരിച്ചറിഞ്ഞുള്ള വായനയോടെയാണ് കുട്ടി എഴുത്തിലേയ്ക്ക് കടക്കുന്നത്. ഇതാണ് സ്വാഭാവിക ജൈവിക വായന (Organic Reading). എഴുത്തിന്റെ നല്ല മാതൃകകള്‍ കണ്ടുകൊണ്ടും മെച്ചപ്പെടുത്തിക്കൊണ്ടും മാത്രമേ ഭംഗിയുള്ള അക്ഷരരൂപം കുട്ടികള്‍ക്ക് നേടിയെടുക്കുവാന്‍ കഴിയുകയുള്ളൂ. ടീച്ചറുടെ നിരന്തരമായ കൈത്താങ്ങ് കുട്ടിക്ക് ഈ സമയത്ത് ലഭിക്കേണ്ടതുണ്ട്.ഈ ക്രമത്തിലാണ് ഒന്നാം ക്ലാസ്സിലെ പഠനം പുരോഗമിക്കുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ അക്ഷരങ്ങള്‍ നേരിട്ടു പഠിക്കുന്നതിനുപകരം കുട്ടികള്‍ അക്ഷരങ്ങളിലെത്തുകയാണ് ചെയ്യുന്നത്.

No comments:

Post a Comment